Fundraising 2011/FAQ/ml
Pages for translation: [edit status] | |||||||||
Interface messages high priority Translated on Translatewiki. Get started. |
Published | ||||||||
Banners and LPs (source) high priority |
Published | ||||||||
Banners 2 (source) high priority |
Published | ||||||||
Jimmy Letter 002 (source) high priority |
Published | ||||||||
Jimmy Letter 003 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Letter 004 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Mail (source) variation of Jimmy Letter 002 |
Ready | ||||||||
Brandon Letter (source) | Published | ||||||||
Alan Letter (source) | Published | ||||||||
Kaldari Letter (source) | Published | ||||||||
Karthik Letter (source) | Published | ||||||||
Thank You Mail (source) | Published | ||||||||
Thank You Page (source) | Ready | ||||||||
Problems donating (source) | Published | ||||||||
Recurring giving (source) | Missing | ||||||||
Sue Thank You (source) | Missing | ||||||||
FAQ (source) low priority |
Published | ||||||||
Various requests: Mail to past donors · Jimmy quote | |||||||||
Outdated requests:
|
Translation instructions |
---|
If you have any questions or feedback regarding the translation process, please post them here. Translation FAQ |
എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ
editവിക്കിപീഡിയ (www.wikipedia.org) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. 298-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ 2.0 കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും 40 കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകൾ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആർക്കും എപ്പോൾ വേണമെങ്കിലും തിരുത്താം. മാനവചരിത്രത്തിലെ തന്നെ പങ്കുവെയ്ക്കപ്പെട്ട ഏറ്റവും വലിയ വിജ്നാനശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവർത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
വിക്കിപീഡിയയും മറ്റു സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തിൽപ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രിൽ മുതൽ) നികുതിയടക്കുന്നതിൽ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നികുതി-ഒഴിവിന്റെ കത്തും സാമ്പത്തിക റിപ്പോർട്ടുകളും വാർഷികക്കണക്കുകളും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ തദ്ദേശീയചാപ്റ്ററുകൾക്കൊപ്പം ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.
ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു?
editനിങ്ങൾ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം 40 കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങൾക്ക് വെറും 302 ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ.
ഞങ്ങളുടെ ഉദ്യോഗസ്ഥരെ മൂന്നു വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.സാങ്കേതികം (വെബ്സൈറ്റ് നടത്തിപ്പ്, സോഫ്റ്റ്വെയർ വികസനം), സാമൂഹികം (പൊതുജനസമ്പർക്കം, വായനക്കാരുമായുള്ള ബന്ധവും സാമൂഹികപരിപാടികളും, ധനസമാഹരണം), ആഗോളവികസനം (ലോകവ്യാപകമായുള്ള ചാപ്റ്റർ പരിപാടികളേയ്യും വിക്കിമീഡിയ വികാസത്തേയും പിന്തുണക്കൽ) എന്നിവയാണ് ഈ വകുപ്പുകൾ. മേൽനോട്ടം, ധനകാര്യം, ഭരണപരം, കൃതികളുടെ നിയമപരിരക്ഷ തുടങ്ങിയ മേഖലകളിലാണ് ബാക്കിയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാവശ്യമായ സെർവറുകൾ, ബാൻഡ്വിഡ്ത്ത്, ഇന്റർനെറ്റ് ഹോസ്റ്റിങ് എന്നിവക്കായും നിങ്ങളുടെ സംഭാവന ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ നാട്ടിലുള്ള ഒരു തദ്ദേശീയചാപ്റ്റർ വഴിയാണ് നിങ്ങൾ സംഭാവന നൽകുന്നതെങ്കിൽ, ആ തുക വിക്കിമീഡിയ ഫൗണ്ടേഷന്റെ ആവശ്യങ്ങൾക്കു പുറമേ നിങ്ങളുടെ നാട്ടിലെ കാര്യപരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.
എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.
കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും?
edit2009-2010 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട് കഴിഞ്ഞ ധനകാര്യവർഷത്തെ (2009 ജൂലൈ 1 മുതൽ 2010 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.
നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് 2011-12 വാർഷികരൂപരേഖ. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2011-12 വാർഷികരൂപരേഖ | |
2009-2010 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക: |
2011-12 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക: |
നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു?
editവിക്കിമീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വാക്കുകൾ: "മുഴുവൻ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ചാലോചിക്കൂ."
ഞങ്ങൾ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ 40 കോടി ജനങ്ങൾ ഇപ്പോൾത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻ ആയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ തുടർച്ചയായി ഏവരിലേക്കുമെത്തിക്കാൻ ഞങ്ങൾ പ്രയത്നിക്കുകയും ചെയ്യുന്നു.
സമൂഹപങ്കാളിത്തത്തോടെ രൂപീകരിച്ച ഒരു തീവ്രപദ്ധതിപ്രകാരം, 2010-ൽ വിക്കിമീഡിയ ഫൗണ്ടേഷൻ ട്രസ്റ്റീബോർഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങൾ" വിക്കിമീഡിയക്കായി നിർണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം നൂറുകോടി ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം അരക്കോടിയാക്കുക തുടങ്ങിയവ ഈ പഞ്ചവൽസരപദ്ധതിയുടെ (പി.ഡി.എഫ്.) ലക്ഷ്യങ്ങളിൽപ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വൻതോതിൽ ഉയർത്തുക, വൈവിധ്യവൽക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വർദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
വിക്കിമീഡിയ ഒരു സാമ്പ്രദായികസംഘടനയല്ല. അതൊരു ആഗോളമുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരാണ് അതിന്റെ കാതൽ. വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധമേഖലകളിലും രാജ്യങ്ങളിലുമുള്ള 37 തദ്ദേശീയ ചാപ്റ്ററുകളും ഉൾക്കൊള്ളുന്ന സംഘടനകളുടെ ഒരു ശൃംഖല, ഈ സന്നദ്ധപ്രവർത്തകസമൂഹത്തിന് പിന്തുണനൽകുന്നു. ഞങ്ങളുടെ സന്നദ്ധപ്രവർത്തകസംഘമാണ് ഒന്നുമില്ലായ്മയിൽ നിന്നും വൻനേട്ടങ്ങൾ കൊയ്യാൻ ഞങ്ങളെ പ്രാപ്തമാക്കിയത്.
ഇപ്പോൾ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രവർത്തനങ്ങൾ ഇവയാണ്:
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്. വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾ ആയിരക്കണക്കിന് സെർവറുകൾ പ്രവർത്തിപ്പിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങൾ സുരക്ഷിതമാക്കിക്കൊണ്ടും സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവർക്കും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെർവറുകൾ | |
വിക്കിമീഡിയയുടെ സന്നദ്ധപ്രവർത്തകർക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കൾ നൽകുന്നു. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995-ൽ വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്വെയറിലാണ് വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കൽ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയർത്തുന്നതിനുമുള്ള മികച്ച കരുക്കൾ സന്നദ്ധപ്രവർത്തകർക്കും വായനക്കാർക്കും നൽകുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളിൽ ഞങ്ങൾ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങൾ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നിൽക്കേണ്ടതുണ്ട്. ഞങ്ങളുടെ സോഫ്റ്റ്വെയർ സ്വതന്ത്രമായതുകൊണ്ട് ആർക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും. ചിത്രം: വിക്കിപീഡിയയുടെ ഉപയോഗക്ഷമതാപഠനത്തെ ആധാരമാക്കി നിർമ്മിച്ച അഫിനിറ്റി ഡയഗ്രം | |
പുതിയ സന്നദ്ധപ്രവർത്തകർക്കുള്ള പാഠാവലികൾ തയ്യാറാക്കുന്നു. വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകൾക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളർത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീൻകാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ളത്) അടങ്ങിയ ഒരു സഹായഗ്രന്ഥശാല ഞങ്ങൾ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്. ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തിൽ ചിത്രീകരിച്ചത് (ഫയർഫോക്സിൽ നന്നായി കാണാം). | |
ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾ സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന വിക്കിമാനിയ എന്ന സമ്പർക്കപരിപാടിയിൽ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെ വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് നടക്കുന്നത്. തീർച്ചയായും നിങ്ങൾ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർ സംഘടനകൾ ഡസൻ കണക്കിന് പരിപാടികളും മൽസരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾ പുതിയ പ്രവർത്തകരെ ചേർക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്. ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ | |
സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം. ഗാലറികൾ, ഗ്രന്ഥശാലകൾ, ആർക്കൈവുകൾ, കാഴ്ചബംഗ്ലാവുകൾ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവർക്ക് വിവരം പകർന്നുനൽകുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും. ലോകത്തെമ്പാടുമുള്ള സാംസ്കാരികസ്ഥാപനങ്ങളുമായി ഞങ്ങൾക്ക് പങ്കാളിത്തമുണ്ടാക്കാനായിട്ടുണ്ട്. പുരാണരേഖകളെ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി സ്വതന്ത്രമായി ലഭ്യമാക്കുന്നതിനു പുറമേ, അവരുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളും മറ്റും വിപുലീകരിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. സാംസ്കാരികമേഖലയെ ലക്ഷ്യം വച്ചുകൊണ്ടൂള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലും സംഘടനകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിലും വിക്കിമീഡിയ ചാപ്റ്ററുകൾ നിർണായകപങ്കുവഹിക്കുന്നു.
ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010-ൽ സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ | |
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നു. തുറന്ന വെബ്ബിന്റെ ഇക്കാലത്ത് വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾക്ക് വെറും പഠനപരിശീലനം എന്നതിലുപരിയായുള്ള ശക്തിയുണ്ട്. മാർഗ്ഗദർശികളായ പ്രൊഫസർമാർ, വിക്കിപീഡിയയിലെ ലേഖനമെഴുത്ത് അവരുടെ വിദ്യാർത്ഥികൾക്കായുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കൃതിക്ക് കൂടുതൽ വായനക്കാരെ കിട്ടുന്നു, അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാനാകുന്നു, വായനക്കാർക്കാകട്ടെ നല്ല നല്ല ലേഖനങ്ങളും ലഭിക്കുന്നു. അങ്ങനെ ഏവർക്കും ഗുണം ലഭിക്കുന്നു. മാദ്ധ്യമസാക്ഷരത വളർത്തുന്നതിനും പഠനമുറികളിലെ വിക്കിപീഡിയയുടെ ഗൗരവതരമായ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി വിക്കിമീഡിയ ചാപ്റ്ററുകളും വിദ്യാലയങ്ങളുമായി ബന്ധം പുലർത്തുന്നു.
ചിത്രം: ഇന്ത്യാന സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി വിക്കിപീഡിയ ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നു | |
എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാൻ. വരും തലമുറകൾ വെബിലെത്തുന്നത് മൊബൈൽ ഫോണുകൾ വഴിയായിരിക്കുമെന്നതുറപ്പാണ്, ഇവരിൽ പലരും ഒരു ലാപ്പ്ടോപ്പ് തൊട്ടിട്ടുകൂടിയുണ്ടാവില്ല. അത്യാധുനിക ഫോണുകളിൽ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവർക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ നിലവിലുള്ള മൊബൈൽ പതിപ്പ് ഒരു തുടക്കം മാത്രമാണ്. വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയിൽ നിന്നും മുന്നേറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. തുടർച്ചയായി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തവർക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്നതിനായുള്ള വിക്കിറീഡർ പോലെയുള്ളപദ്ധതികൾ, ഡെസ്ക്ടോപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കുമുള്ള ഓഫ്ലൈൻ റീഡറുകൾ, വിക്കിമീഡിയ ഉള്ളടക്കത്തിന്റെ അച്ചടിച്ച പതിപ്പുകൾ തുടങ്ങിയവയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ചിത്രം: വിക്കിപീഡിയയുടെ മൊബൈൽ പതിപ്പ് പ്ലേസ്റ്റേഷൻ പോർട്ടബിളിൽ - ഇത് നിങ്ങളുടെ സ്മാർട്ട്ഫോണിലും പ്രവർത്തിക്കും | |
ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്. വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും ഞങ്ങളുടെ സ്ഥിതിവിവരകവാടവും ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് സ്ട്രാറ്റെജി വിക്കി. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള ഗവേഷണസമിതിയുടെ സഹായത്തൊടെ നടത്തുന്ന ഗവേഷണപദ്ധതികൾ ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത |
വിക്കിമീഡിയ ഫൗണ്ടേഷൻ അൽപ്പായുസ്സുള്ള ഒരു പുതുസംരംഭമേയല്ല. ദീർഘകാലാടിസ്ഥാനത്തിൽ ആവിഷ്ക്കരിക്കുന്ന പദ്ധതികളാണ് ഞങ്ങളൂടേത്. നിങ്ങൾക്കും മറ്റേവർക്കും ലോകത്തെ സർവ്വവിജ്ഞാനവും സൗജന്യമായും ഉടനടിയും ലഭ്യമാക്കുക എന്ന ഉദാത്തമായ ലക്ഷ്യം കൈവരിക്കാൻ വേണ്ടിയുള്ളതാണ് ഞങ്ങളുടെ പ്രവർത്തനകളേതും. നിങ്ങളും പങ്കാളികളാവുക!
ഏതൊക്കെ പദ്ധതികളെയാണ് നിങ്ങൾ പിന്തുണക്കുന്നത്?
editവിക്കിമീഡിയ ഫൗണ്ടേഷൻ, ലോകത്തെ ഏറ്റവുമധികമാളുകൾ സന്ദർശിക്കുന്ന അഞ്ചു വെബ്സൈറ്റുകളിലൊന്നായ വിക്കിപീഡിയയെ പിന്തുണക്കുന്നു. 2001 ജനുവരിയിൽ വിക്കിപീഡിയ സ്ഥാപിക്കപ്പെടുകയും 2003 ജൂണിൽ വിക്കിമീഡിയ ഫൗണ്ടേഷൻ രൂപീകരിക്കപ്പെടുകയും ചെയ്തതിനുശേഷം, ഞങ്ങളുടെ വളർച്ച അതിശയപ്പെടുത്തുന്നതായിരുന്നു. ഞങ്ങളുടെ ആദ്യത്തെ പദ്ധതിയായ ഇംഗ്ലീഷ് ഭാഷയിലുള്ള വിക്കിപീഡിയ 6,000,000 ലേഖങ്ങളിലേക്ക് വികസിച്ചു. എല്ലാ ഭാഷകളിലുമുള്ള വിക്കിപീഡിയകളിലുമായി മൊത്തത്തിൽ 47,000,000-ലധികം ലേഖനങ്ങളുണ്ട്.
വിക്കിപീഡിയക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേൻ പിന്തുണക്കുന്ന ഇതരസംരംഭങ്ങൾ ഇവയാണ്:
- വിക്കിമീഡിയ കോമൺസ്, 43,000,000-ൽപ്പരം ചിത്ര, ചലചിത്ര, ശബ്ദ ഫയലുകളുടെ കലവറയാണ് കോമൺസ്. തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
- വിക്കിപാഠശാല, ഏതു വിഷയത്തിലും സ്വതന്ത്രപാഠ്യഗ്രന്ഥങ്ങൾ രചിക്കാനുള്ള സംരംഭം.
- വിക്കിനിഘണ്ടു, നാനാർത്ഥ-പര്യായപദങ്ങളും ഉൾക്കൊള്ളൂന്ന ഒരു ബഹുഭാഷാനിഘണ്ടു.
- വിക്കിഗ്രന്ഥശാല, 49 ഭാഷകളിലായി 3,200,000 സംശോധിതതാളുകൾ അടങ്ങിയ ഒരു ഗ്രന്ഥശാല.
- വിക്കിവാർത്തകൾ ബഹുജനപങ്കാളിത്തത്തോടെയുള്ള വാർത്താവെബ്സൈറ്റ്.
- വിക്കിവേഴ്സിറ്റി, പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠനസംരംഭം
- വിക്കിചൊല്ലുകൾ, പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും കലവറ.
- വിക്കിസ്പീഷീസ്, ജൈവവൈവിധ്യപഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.
ഞങ്ങളുടെ എല്ലാ പൊതുവെബ്സൈറ്റുകളുടേയും പിന്നിൽ പ്രവർത്തിക്കുന്ന മീഡിയാവിക്കി എന്ന സ്വതന്ത്ര വിക്കിസോഫ്റ്റ്വെയറിന്റെ വികസനത്തിന് വിക്കിമീഡിയ ഫൗണ്ടേഷൻ പിന്തുണ നൽകുകയും ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സംരംഭങ്ങളിലെ പൊതുജനപങ്കാളിത്തം ഉയർത്തുന്നതിനായുള്ള ജനസമ്പർക്കപരിപാടികളും പ്രവർത്തകസംഗമങ്ങളും സംഘടിപ്പിക്കുന്നതിനും ഞങ്ങൾ സഹായം നൽകുന്നു. കൂടാതെ വിക്കിപീഡിയയുടെ ഡൗൺലോഡ് ചെയ്യാവുന്ന ഓഫ്ലൈൻ പതിപ്പുകളും ഡാറ്റാബേസ് ശേഖരവും ഞങ്ങൾ ലഭ്യമാക്കുന്നു.
വിക്കിമീഡിയ ഫൗണ്ടേഷനും വിക്കിലീക്ക്സുമായി യാതൊരു ബന്ധവുമില്ല.
കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ സംരംഭങ്ങൾ എന്ന താളിൽ ലഭ്യമാണ്.
വിക്കിപീഡിയയിലെ തിരുത്തൽ സ്വാതന്ത്ര്യവും വിശ്വാസ്യതയും എങ്ങനെ ഒത്തുപോകുന്നു?
editഉയർന്ന പങ്കാളിത്തം, വിക്കിപീഡിയയെ മെച്ചപ്പെടുത്തുന്നു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതേസമയം ശാസ്ത്രജ്ഞർ, വിദ്യാഭ്യാസവിദഗ്ദ്ധർ, പത്രലേഖകർ, ഫൗണ്ടേഷനുകൾ തുടങ്ങിയവരുടെയിടയിൽ വിക്കിപീഡിയ വിശ്വാസ്യതയാർജ്ജിക്കുന്നതിലേക്ക് നയിച്ച കഠിനമായ നിലവാരമാനദണ്ഡങ്ങൾ മുറുകെപ്പിടിക്കുക തന്നെ വേണം.
വിക്കിമീഡിയ ഫൗണ്ടേഷൻ എങ്ങനെ പ്രവർത്തിക്കുന്നു?
editഎക്സിക്യൂട്ടീവ് ഡയറക്റ്റർ, സ്യൂ ഗാർഡ്നറുടെ നേതൃത്വത്തിൽ 302 ഉദ്യോഗസ്ഥർ വിക്കിമീഡിയക്കുണ്ട്. ഈ ഉദ്യോഗസ്ഥർ, വിക്കിമീഡിയ പദ്ധതികളിൽ പങ്കാളികളാകുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഇതിനുപുറമേ, വിവിധ സമിതികളിൽ പങ്കാളികളായും ഇന്റേണുകളായും അഡ് ഹോക് അടിസ്ഥാനത്തിലും പ്രവർത്തിക്കുന്ന അസംഖ്യം സന്നദ്ധപ്രവർത്തകരും വിക്കിമീഡീയയെ പിന്തുണക്കുന്നു.
വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളും ലക്ഷ്യങ്ങളും രൂപീകരിക്കുക, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകുകയും വിലയിരുത്തുകയും ചെയ്യുക, കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക, വിക്കിമീഡിയ ഫൗണ്ടേഷന്റെ ധനസമാഹരണയജ്ഞങ്ങൾക്ക് സഹായം നൽകുക തുടങ്ങിയവ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചുമതലയാണ്. നിയമാവലികളനുസരിച്ച് വിക്കിമീഡിയ ഫൗണ്ടേഷന്റെ പരമോന്നതസമിതിയാണത്. ബോർഡിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള യോഗനടപടികളെക്കുറിച്ചറിയാൻ യോഗങ്ങൾ എന്ന താളും, പ്രസിദ്ധീകരിച്ചിട്ടുള്ള തീരുമാനങ്ങളെക്കുറിച്ചറിയാൻ തീരുമാനങ്ങൾ എന്ന താളും കാണുക. വിക്കിമീഡിയ പദ്ധതികളിലെ പ്രവർത്തകരാണ് ബോർഡ് അംഗങ്ങളെ ഭാഗികമായി തിരഞ്ഞെടുക്കുന്നത്. ബോർഡിനെ സഹായിക്കാൻ ഒരു ഉപദേശകസമിതിയുമുണ്ട്. ഏഞ്ചല ബീസ്ലി സ്റ്റാർലിങ് ആണ് നിലവിൽ ഈ സമിതിയുടെ അദ്ധ്യക്ഷ.
കാലിഫോർണിയയിലെ (യു.എസ്.എ.) സാൻ ഫ്രാൻസിസ്കോയിൽ ഞങ്ങൾക്കൊരു കാര്യാലയമുണ്ട്. ഞങ്ങളുടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അവിടെയാണ് ജോലി ചെയ്യുന്നത്. ബാക്കിയുള്ള ഉദ്യോഗസ്ഥരും എല്ലാ ബോർഡ് അംഗങ്ങളും വിദൂരമായി പ്രവർത്തിക്കുന്നു.
അത്യന്തം സുതാര്യമായി പ്രവർത്തിക്കുവാൻ ഞങ്ങൾ പ്രയത്നിക്കുന്നു. ഒപ്പം പ്രധാനനയങ്ങളും ധനകാര്യവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്?
editലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗതസംഭാവനകളാണ് വിക്കിമീഡിയയുടെ സമ്പത്തിന്റെ അടിസ്ഥാനസ്രോതസ്സ്. ഇതിനുപുറമേ നിരവധി ധനസഹായങ്ങളും ദാനമായി ലഭിക്കുന്ന സെർവറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തികപിൻബലത്തിൽപ്പെടുന്നു. (ഉപകാരികൾ എന്ന താൾ കാണുക)
അമ്പത്തിൽപ്പരം രാജ്യങ്ങളിൽ നിന്നും വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവനകൾ ലഭിക്കുന്നു. ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികൾ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നിൽ. ആർക്കും എപ്പോൾവേണമെങ്കിലും സംഭാവനകൾ നൽകാം. വർഷത്തിലൊരിക്കൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഔപചാരിക ധനാഭ്യർഥന നടത്താറുണ്ട്.
പരസ്യത്തിലൂടെ വരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല
വിക്കിമീഡിയ ഫൗണ്ടേഷന്, അമേരിക്കൻ ഐക്യനാടുകളിൽ 501(സി)(3) വകുപ്പുപ്രകാരം നികുതിയിളവ്പദവിയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകൾക്കും നികുതിയിളവ് ലഭ്യമായിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് സംഭാവനകൾക്കുള്ള നികുതിയിളവ് എന്ന താൾ കാണുക. പേപാൽ, മണിബുക്കേഴ്സ്, പോസ്റ്റൽ മെയിൽ തുടങ്ങിയവ വഴി എങ്ങനെ സംഭാവനകൾ നൽകാം എന്നറിയാൻ ഇവിടെ ഞെക്കുക. മറ്റേതെങ്കിലും രീതിയിൽ സംഭാവന നൽകാനാഗ്രഹിക്കുന്നുവെങ്കിൽ donatewikimedia.org എന്ന വിലാസത്തിൽ ഞങ്ങളുമായി ബന്ധപ്പെടുക.
നിങ്ങൾ എത്ര പണം സ്വരൂപിക്കാനുദ്ദേശിക്കുന്നു?
edit2011-12-ലെ പദ്ധതിയനുസരിച്ച് 2.95 കോടി ഡോളർ സ്വരൂപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. 2010-11 വർഷത്തെ പ്രതീക്ഷിതവരുമാനത്തെയപേക്ഷിച്ച് ഇത് 24% അധികമാണ്.
കൂടുതൽ ധനകാര്യവിവരങ്ങൾ ഞങ്ങളുടെ ധനകാര്യറിപ്പോർട്ടുകളിൽ കാണാം. ഇവിടെ ഞങ്ങളുടെ 2011-12 പദ്ധതിരൂപരേഖയും (പി.ഡി.എഫ്.), അതിനെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും കാണാം.
ഈ ലക്ഷ്യങ്ങൾക്കായി നിങ്ങളെ മറ്റാരൊക്കെ സഹായിക്കുന്നു?
editഞങ്ങൾക്ക് ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും നിങ്ങളെപ്പോലുള്ള വ്യക്തികളിൽനിന്നാണ്. അതിനുപുറമേ സാമൂഹിക-സ്വകാര്യ ഫൗണ്ടേഷനുകളിൽ നിന്നും ഞങ്ങൾക്ക് ധനസഹായങ്ങളൂം കോർപ്പറേഷനുകളിൽ നിന്ന് സൗജന്യസഹായങ്ങളും ലഭിക്കുന്നുണ്ട്. അവരുടെ വിവരങ്ങൾ ഉപകാരികൾ എന്ന താളിൽക്കാണുക.
നിങ്ങളുടെ സമീപകാലപ്രവർത്തനങ്ങളെക്കുറിച്ച് എവിടെനിന്നറിയാനാകും?
edit2009-10 സാമ്പത്തികവർഷത്തെ വിവരങ്ങൾക്ക് ദയവായി 2009-2010 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക: പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)
വിക്കിമീഡിയയുടെ പരിപാടികളെക്കുറിച്ച് വിവരങ്ങൾ അപ്പപ്പോൾ അറിയണമെങ്കിൽ താഴെപ്പറയുന്ന സ്രോതസ്സുകൾ സന്ദർശിക്കുക:
- വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗ്
- പ്ലാനറ്റ് വിക്കിമീഡിയ, വിക്കിമീഡിയ സമൂഹബ്ലോഗുകളും ഇതിലുണ്ട്.
- വിക്കിമീഡിയ അറിയിപ്പുകൾക്കായുള്ള മെയിലിങ് ലിസ്റ്റ്, ചാപ്റ്ററുകളിൽ നിന്നും സമൂഹത്തിലെ അംഗങ്ങളിൽ നിന്നുമുള്ള അറിയിപ്പുകളും ഇതിലൂടെ ലഭിക്കും.
എനിക്ക് എങ്ങനെ സംഭാവന ചെയ്യാം
editസംഭാവന ചെയ്യുന്നതിനായി ഞങ്ങളുടെ ധനസമാഹരണം താൾ സന്ദർശിക്കുക. പ്രധാനപ്പെട്ട എല്ലാ ക്രെഡിറ്റ് കാർഡുകൾ (വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, അമേരിക്കൻ എക്സ്പ്രസ് എന്നിവയുൾപ്പടെ) ഉപയോഗിച്ചും, പേപാൽ, മണിബുക്കേഴ്സ്, ബാങ്ക് വഴിയുള്ള പണക്കൈമാറ്റം തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചോ ഫൗണ്ടേഷനിലേക്ക് നേരിട്ട് ചെക്ക് അയച്ചോ നിങ്ങൾക്ക് സംഭാവന ചെയ്യാം. നിരവധി രാജ്യങ്ങളിലെ (എല്ലാം ഇല്ലെങ്കിലും) കറൻസികളിൽ സംഭാവന സ്വീകരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
മാസംതോറും നിശ്ചിതതുക സ്വയം സംഭാവന നൽകിക്കൊട്ടിരിക്കാനുള്ള സംവിധാനമുണ്ടോ?
editഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. അതിനായി ഈ താളിൽ അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകൾ പേപാൽ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാർഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നൽകേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങൾക്ക് ഒരു പേപാൽ അംഗത്വം ആവശ്യമായിരിക്കും. നിങ്ങൾ ആദ്യത്തെ മാസം സംഭാവന നൽകിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടർന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങൾക്കൊരു സന്ദേശമെത്തും. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങൾക്ക് ഒരുവർഷത്തേക്കുകൂടി സംഭാവന തുടരണമെങ്കിൽ അപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.
മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങൾക്ക് പിൻവലിച്ചുകൂടേ?
editവിക്കിമീഡിയ ഫൗണ്ടേഷന്, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങളുടെ പേപാൽ അക്കൗണ്ട് അപ്രകാരം ക്രമീകരിക്കാം. - ഏറ്റവും പുതിയ വിവരങ്ങൾക്കായി പേപാൽ സന്ദർശിക്കുക.
എന്റെ പ്രതിമാസസംഭാവന നിർത്തലാക്കണമെന്നുണ്ടെങ്കിൽ എന്തു ചെയ്യണം?
editനിങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് മാറ്റം വന്നേക്കാമെന്ന് ഞങ്ങൾക്കറിയാം. പ്രതിമാസസംഭാവന നിർത്തലാക്കാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, പേപാലിൽ ലോഗിൻ ചെയ്ത് അതിലെ "subscription creation" എന്ന വരിയിലുള്ള "details" എന്നതിൽ ക്ലിക്ക് ചെയ്ത്, "cancel subscription"ക്ലിക്ക് ചെയ്യുക. പ്രതിമാസസംഭാവന ഇതോടെ നിർത്തലാകുന്നു. പ്രതിമാസസംഭാവന നിർത്തലാക്കാനുള്ള മറ്റൊരു മാർഗ്ഗം വിക്കിമീഡിയ ഫൗണ്ടേഷനു ഈ മെയിൽ അയക്കുക എന്നതാണ്. നിങ്ങളുടെ പേരും, ഇമെയിൽ വിലാസവും , ഞങ്ങൾക്ക് ബന്ധപ്പെടാനായി ഒരു ടെലിഫോൺ നമ്പരും അറിയിച്ചുകൊണ്ട് (givingwikimedia.org എന്ന വിലാസത്തിലേക്ക്) ഒരു എഴുത്തയക്കുക.
ചെക്കുകൾ അയക്കേണ്ട മേൽവിലാസം?
editചെക്കുകൾ ഈ വിലാസത്തിലയക്കുക:
P.O. Box 98204
Washington, DC 20090-8204
USA
- Note: donations by check are processed directly at our centralized lockbox location which is in Washington, DC.
ഏതെങ്കിലും യു.എസ്. ബാങ്കിൽ നിന്നുമുള്ള ചെക്കുകൾ യു.എസ്. ഡോളറിൽത്തന്നെ അയക്കാനാണ് ഞങ്ങൾ താൽപര്യപ്പെടുന്നത്. യു.എസ്. ഡോളറൊഴികെയുള്ള കറൻസികളിലുള്ള ചെക്കുകളും അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് മാറാവുന്ന ചെക്കുകളും മാറിയെടുക്കുന്നത് വളരെ ചെലവേറിയ കാര്യമായതുകൊണ്ട്, നിങ്ങളുടെ സംഭാവനയുടെ തുക കുറയുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഒരു ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ടില്ലെങ്കിൽ ക്രെഡിറ്റ് കാർഡോ, പേപാലോ, വയർ ട്രാൻസ്ഫറോ വഴി സംഭാവന നൽകി നിങ്ങളുടെ സംഭാവനയുടെ പരമാവധി മൂല്യം ഞങ്ങൾക്കെത്തുന്നു എന്നുറപ്പാക്കാം.
വിക്കിമീഡിയ ഫൗണ്ടേഷനിലേക്കുള്ള ഫോമുകൾ, എഴുത്തുകൾ തുടങ്ങിയവ എവിടേക്കയക്കണം?
editപേപാൽ പണമൊടുക്കലിനുള്ള അപേക്ഷ, മാച്ചിങ് ഗിഫ്റ്റ് ഫോം എന്നിവയുൾപ്പടെ എല്ലാ എഴുത്തുകുത്തുകളും താഴെപ്പറയുന്ന ഞങ്ങളുടെ സുരക്ഷിതവിലാസത്തിലേക്കയക്കുക:
P.O. Box 98204
Washington, DC 20090-8204
USA
- Note: donations by check are processed directly at our centralized lockbox location which is in Washington, DC.
വിക്കിമീഡിയ ഫൗണ്ടേഷനുള്ള സംഭാവന ഓഹരിയായി നൽകാനാകുമോ?
editവിക്കിമീഡിയ ഫൗണ്ടേഷൻ ഓഹരിസംഭാവനകൾ സ്വീകരിക്കും. താഴെക്കൊടുത്തിരിക്കുന്ന ഞങ്ങളുടെ പേര്, നിക്ഷേപ അക്കൗണ്ട് നമ്പർ, ഡി.ടി.സി.സി. ക്ലിയറിങ് നമ്പർ എന്നിവ നിങ്ങളുടെ ഓഹരിദല്ലാളിന് നൽകി നിങ്ങളുടെ ബ്രോക്കറേജ് ഞങ്ങളുടേതിലേക്ക് മാറ്റി സംഭാവന നൽകാനാകും.
- Account holder name: Wikimedia Foundation, Inc.
Financial broker: Smith Barney
Investment account number: 546-0356C-14-782
DTCC Clearing account number: #0418
എന്റെ സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കുമോ?
editനികുതിയിളവിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് ദയവായി രാജ്യങ്ങളുടെ പട്ടിക ശ്രദ്ധിക്കുക.
സംഭാവന നൽകിയശേഷം, അതിന്റെ ഒരു നികുതി രസീത് എങ്ങനെ ലഭിക്കും?
editനിങ്ങൾ പേപാലോ ക്രെഡിറ്റ് കാർഡോ വഴിയാണ് സംഭാവന ചെയ്തതെങ്കിൽ നിങ്ങളുടെ നികുതി രസീത് ഇ-മെയിലിൽ ലഭിക്കും, നിങ്ങളുടെ ഇ-മെയിൽ വിലാസം സംഭാവന നൽകുന്നതിനോടൊപ്പം നൽകണം എന്നു മാത്രം. 50 ഡോളറിനുമേൽ ചെക്കായുള്ള സംഭാവനകൾക്ക്, പ്രസ്തുത ചെക്കയച്ച വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നികുതി രസീത് തപാലിൽ അയച്ചുതരുന്നതായിരിക്കും. ഇതുകൂടാതെ നികുതി രസീത് ലഭിക്കാൻ givingwikimedia.org എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതുമാണ് (ദയവായി നിങ്ങളുടെ വിലാസം, സംഭാവന നൽകാൻ ഉപയോഗിച്ച മാർഗ്ഗം, തുക എന്നിവയും അറിയിക്കണം).
എന്തെങ്കിലും പ്രത്യേക ആവശ്യത്തിനെന്നു നിബന്ധന വച്ച് എനിക്കു സംഭാവന നൽകാമോ?
editവിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ, അമേരിക്കൻ ഐക്യനാടുകളിലുള്ള ഏതു ധർമ്മസ്ഥാപനവും, ദാതാക്കൾ വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നുവച്ചാൽ താങ്കൾ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നൽകുന്ന സംഭാവന അക്കാര്യത്തിനുപയോഗിക്കുകയോ അല്ലെങ്കിൽ തിരിച്ചുതരുകയോ വേണം. എന്നാൽ നിബന്ധനകൾ വയ്ക്കുന്നതിനുമുമ്പ് ഒന്നോർക്കുക, നിബന്ധനകളൊന്നുമില്ലാത്ത സംഭാവനകളാണ് ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം. ഓരോ നിബന്ധനയും ഞങ്ങളുടെ ഭരണ-പദ്ധതിരൂപീകരണച്ചെലവുകളൂം ഞങ്ങളുടെ പ്രവർത്തനത്തിലെ സങ്കീർണ്ണതയും വർദ്ധിപ്പിക്കും.
കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാൻ കാരണം?
editഒരു ഡോളർ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങൾ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളിൽ നിന്നും ചെറിയ തുകകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങൾക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നൽകന്ന സംഭാവന നിങ്ങൾക്ക് അർതഥവത്താണെങ്കിൽ ഞങ്ങൾക്കും അത് ഗൗരവമുള്ളതാണ്. എന്നാൽ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാർഡുകൾ ഉൾപ്പടെയുള്ള പല ധനവിനിയോഗസംവിധാനങ്ങളും പരീക്ഷിച്ചു നോക്കാൻ ഞങ്ങളുടേതു പൊലെയുള്ള സൈറ്റുകൾ ഉപയോഗിക്കാറുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാർ വളരെ തുച്ഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തിൽ വിനിയോഗിക്കാറ്. ഒരു ഡോളർ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.
വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ എനിക്കെങ്ങനെ പങ്കെടുക്കാം?
editനിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കൽപ്പമെന്തെന്ന് അവരോട് പറയുക. അവർ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങൾ അയക്കുന്ന ഇമെയിലുകളുടെ അടിയിൽ താഴെകാണുന്ന വാക്യം ചേർക്കുക:
സ്വതന്ത്ര വിജ്ഞാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഖരം ഞങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. വിക്കിപീഡിയയെ സംരക്ഷിക്കാൻ സഹായിക്കുക. ഇപ്പോൾത്തന്നെ സംഭാവന നൽകുക: http://donate.wikimedia.org
സംഭാവന നൽകുന്നവരെ സംബന്ധിക്കുന്ന സ്വകാര്യതാനയം എന്താണ്?
editഞങ്ങൾക്ക് സംഭാവന നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി ദാതാക്കളെ സംബന്ധിക്കുന്ന സ്വകാര്യതാനയം ശ്രദ്ധിക്കുക. ചുരുക്കത്തിൽ, നിങ്ങളുടെ ഇ-മെയിൽ വിലാസം ഞങ്ങൾ ആരുമായി പങ്കുവയ്ക്കുകയോ, ആർക്കും വിൽക്കുകയോ ചെയ്യുന്നതല്ല.
എനിക്കു ഫൗണ്ടേഷനുമായി എങ്ങനെ ബന്ധപ്പെടാം?
editതാങ്കൾക്കിനിയും ചോദ്യങ്ങളുണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. സംഭാവനയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ദയവായി donationswikimedia.org എന്ന വിലാസത്തിലേയ്ക്ക് ഇ-മെയിൽ ചെയ്യുക.
മറ്റു ചോദ്യങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക എന്ന താൾ കാണുക.